വൈകിപ്പോയ ആത്മഹത്യ!

നിങ്ങൾ ഓരോരുത്തരേയും
പിൻതിരിയാവാൻ ആവാത്ത വിധം എന്നിലേക്ക് വലിച്ചടുപ്പിച്ച് നിർത്തണമെന്ന് അത്രമേൽ മോഹമുണ്ട്, പക്ഷെ കാലുടക്കിയ വേരുകൾക്ക് അരം കൂടുംതോറും
മാറി നിൽക്കേണ്ടത്
എന്റെ ഉത്തരവാദിത്വമാണ്.

വേദനിപ്പിച്ചകറ്റിയെങ്കിലും
ഉണങ്ങാത്ത മുറിവ് നൽകിയില്ലെന്ന് പാതിയാശ്വാസം കൊണ്ട് ഊരാക്കുടുക്കിൽ അവസാന
നാളെണ്ണി കഴിയെ ഞാനൊരു പുസ്തകം വായിച്ചു.
അതിൽ നിങ്ങളുമുണ്ട്.

നിങ്ങളില്ലാതെ ആവുന്നില്ലെന്ന വാചകത്തിൽ ഒടുങ്ങിയ പുസ്തകം പലവുരു വായനയിലൂടെ എന്നെ കവർന്നും കഴിഞ്ഞു.

അസാന്നിധ്യങ്ങളായി മാത്രം
നിങ്ങളിനി അവശേഷിക്കണം.
ആ നീറ്റലെനിക്ക് ഹരമാണ്,
അരം മൂർച്ഛിക്കുന്ന
വേരുകളേൽപ്പിച്ച വേദനയേക്കാൾ!

നിർവികാരതയാണെനിക്കെന്നൊരു നുണ പറഞ്ഞാൽ മടക്കയാത്രയ്ക്ക് നിങ്ങളൊടുവിൽ ഒരുങ്ങുമെന്ന ഊഹങ്ങളിൽ ഞാൻ വിജയിച്ചു നിൽക്കെ, പറയട്ടെ, അസാന്നിധ്യങ്ങളായി നിങ്ങളെന്നിൽ അവശേഷിക്കും, എന്നോ എന്റെ ആയിരുന്നവരായി, എന്നുമെന്റെ ആയിരുന്നവരായി…

കൊതി തീരാത്ത
സ്നേഹാശ്ലേഷങ്ങൾ ബാക്കിയാണ്‌. പറഞ്ഞു മതി വരാത്ത കഥയുടെ വാതിലുകൾ അടച്ചു പൂട്ടി. നിങ്ങളെനിക്ക് നീട്ടിയ കൈകളിൽ മുള്ളുകൾ തറച്ചു വെച്ച് മുഖവും തിരിച്ചു.

ഇനി ആത്മഹത്യ.
നീറ്റലിൽ, വീർപ്പുമുട്ടലിൽ
കുടുങ്ങി കുരുങ്ങി ആത്മഹത്യ!

വൈകിപ്പോയ ആത്മഹത്യ!
©chanchal

പതിവുപോലെ!

ഓർമ്മകളെ ചൊല്ലി വിളിച്ചിരുത്തി ഒരു കേൾവിക്കുറിപ്പെഴുതാനാണ് തുനിയുന്നത്. അവരെ കെട്ടിയൊതുക്കി ശല്യങ്ങളേൽക്കാത്ത മൂലയിൽ കുടിയിരുത്തിയിരുന്നു. പൊടി തൂക്കാൻ കയറുമ്പോൾ കണ്ടു കണ്ടില്ലെന്ന മട്ടിൽ ഇടക്കണ്ണിന്റെ വാലറ്റങ്ങൾ മാത്രം നൽകി പോന്നിരുന്നു അവയ്ക്ക്. അവരെ കേട്ട് രണ്ട് വരി എഴുതാൻ മനസ്സാലെ ഒരുക്കം തുടങ്ങിയിട്ട് രണ്ട് നാളായി. ഒന്നേ എന്ന് കേൾക്കണമെങ്കിൽ എന്നെ പിന്നെയും കടം കൊടുക്കണം, എന്നെയവയ്ക്ക് നൽകണം, ഞാനവരുടേതാകണം! അതിനാവില്ലയിനി!
അതെന്റെ ദുശ്ശാഠ്യം മാത്രമാണ്. ഈ രണ്ട് നാളും അതിനു പുറകിലേക്കും അവർ തനിച്ചാക്കാതെ ചേർത്ത് നിർത്തിയത് അറിയാത്ത ഭാവമായിരുന്നു എനിക്ക്.
.
.
ഓർമ്മകൾ അത്രയും ശക്തിയോടെ കീഴ്പ്പെടുത്തുക ഉണ്ടായപ്പോഴെല്ലാം മറന്നെന്ന് വെച്ച കവിത തികട്ടി വന്നിരുന്നു. വരികളില്ലാത്ത ആ കവിതയിൽ ഉറങ്ങാത്ത രാത്രികളും മയക്കം ബാധിച്ച പകലുകളും ഉണ്ടായിരുന്നു.
പിന്നെയും പിന്നെയുമങ്ങനെ വെറുമൊരു കവിത ജനിച്ചു.പതിവ് പോലങ്ങനെ മാറ്റമില്ലാത്ത കവിത.
.
.
ഞാനും നീയും ഇവിടെ ഇപ്പോഴും ആ പഴയ ആരോ ആണ്. ആരെല്ലാമോ ആണ്.
.
.
കേൾവിക്കുറിപ്പെഴുതാൻ തുനിഞ്ഞു, ദേ പിന്നെയും ആ പഴയ കവിത പതിവ് തെറ്റാതെ വഴിയിൽ കാത്ത് നിൽപ്പാണ്.
.
.
ആ പഴയ കവിത എന്ന അടിക്കുറിപ്പിൽ എന്റെ ഓർമ്മകളെ പൂട്ടി താക്കോലെടുത്ത് ആകാശമേൽക്കൂരയിൽ എറിഞ്ഞു കളഞ്ഞു. ഇനി ഓർമ്മയെ പറ്റി ചോദിക്കുമ്പോൾ പറയണമെനിക്ക്, “ഒരു പഴയ പതിവ് കവിത ഇവിടെയുണ്ട്. അതിൽ ആരെല്ലാമോ ചേർന്നൊരു ഞാനും പിന്നെ ആരോ ഒരാളും പതിവുപോലെ വരികൾക്ക് പിറകെ വരികളായി കടന്നു വരാറുമുണ്ട്. മാറ്റിയൊതുക്കി വെച്ച ചില പതിവോർമ്മകൾ ഉണ്ടിവിടെ എപ്പോഴും ഇപ്പോഴും!”
©chanchal

കെട്ടിപ്പിടികൾ

കെട്ടിപ്പിടികൾക്ക് മോഹിക്കുന്നുണ്ട്. നെഞ്ച് വിരിച്ച് വലിച്ചു മുറുക്കി കെട്ടിവരിഞ്ഞ്, അങ്ങനൊന്നല്ല. .
.
പിരിമുറുക്കങ്ങൾ അനായാസേന വഹിക്കുന്ന, വിഴുപ്പ് ഭാണ്ഡം ചുമക്കുന്നവൻ്റെ ഈർഷ്യ ഇല്ലാത്ത, എന്തേ എന്നോ എന്തിനെന്നോ ചോദ്യങ്ങൾ ഉന്നയിച്ച് ആശങ്കകൾ വിളിച്ചു വരുത്താത്ത, ഒരു വിരിമാറ് വേണം! .
.
കെട്ടിപ്പിടികളിൽ എല്ലാ ഭാരവും എതിരെ നിൽക്കുന്നോനിലേക്ക് ചുമത്തി വെച്ചു എന്നാൽ വെച്ചില്ലെന്ന പോലെ, ചാരി നിൽക്കണം, താങ്ങല്ല, തണലുമല്ല, ആശ്വാസം. ദാഹിച്ചു നിൽക്കെ ഉമിനീര് കുടിച്ചിറക്കുന്ന ആശ്വാസം! .
.
കെട്ടിപ്പിടിച്ചെന്റെ ഭാരങ്ങളെ വലിച്ചെങ്ങോട്ടോ എറിഞ്ഞൊടുവിൽ ഒന്നുമറിയാതെ നെഞ്ചിലെ ശ്വാസഗതിയ്ക്കൊത്ത് പാതി മയക്കത്തിലേക്ക് പറഞ്ഞു വിടേണം! .
.
കെട്ടിപിടിച്ചു നിൽക്കെ, പുനരന്വേഷണങ്ങളൊന്നും വേണ്ടെന്ന് പറയാതെ പറഞ്ഞെനിക്ക് നടന്നകലണം.
അകലുമ്പോൾ ഭാരമേറിയ ഹൃദയം ഒഴിഞ്ഞ മുറി പോലെയും പിന്നെയും താളത്തിൽ ഒന്നേ എന്ന് മിടിച്ചും തുടങ്ങിയിട്ടുണ്ടാകും!
.
.
കെട്ടിപ്പിടികൾ വേണം. ചേർത്ത് നിർത്തി കെട്ടിയിടാത്ത കെട്ടിപ്പിടികൾ വേണം. .
.
ഒടുവിലൊരിക്കൽ അതേ ഇടം തേടി വിളിക്കുന്ന നേരം മാത്രം തടഞ്ഞു വെയ്ക്കാതെ എന്നെയും കൊണ്ട് പോകണം,
നൂറു കെട്ടിപ്പിടികൾക്കുള്ളിലെ അനേകം കെട്ടിയിടലുകൾക്ക് വേണ്ടി!
©chanchal

ദലമർമ്മരങ്ങൾ

ഏഴുപേരെ കൂട്ടിയിണക്കി അവരുടെ തൂലികയിൽ പിറന്ന എഴുപത് കവിതകൾ ഒരുമിച്ച് തുന്നിച്ചേർത്തു @letters_bay @kadhavashesha Kadhavashesha Anju Sajith
അതിനിതാ പുറംചട്ടയൊരുങ്ങി! .
.
പുറംചട്ട ഇത്ര നിറവോടെ മിനുക്കി എടുത്തത് ഷെഹസാദ്❤
.
.
@letters_bay @kadhavashesha സ്നേഹം സ്നേഹം നിറയെ സ്നേഹം മാത്രം💕💕
.
.
സന്തോഷകഷ്ണം…💕💕 ദലമർമ്മരങ്ങൾ വരവറിയിക്കുന്ന ചങ്കിടിപ്പ് ഉയരെയങ്ങനെ കേൾക്കാം… ഇനിയാണ് കാത്തിരിപ്പ്💕??
.
.
#ആദ്യകവിതാസമാഹാരം
#ദലമർമ്മരങ്ങൾ #proudmoment #gifttoamma😘
#anjuchechiishtam❤

ആ മറവിയ്ക്കൊരു ഓർമ്മക്കുറിപ്പ്!

തികട്ടി വന്ന ആദ്യവരി കുറിച്ച് വെച്ചില്ല. നഷ്ടപ്പെട്ടത് എന്തെന്ന ഓർമ്മ പോലും കിട്ടാത്തൊരുവൻ്റെ ആവലാധികൾ പറഞ്ഞാൽ മനസ്സിലാകുമോ?

കഷ്ടം! തുടക്കം വാക്കെങ്കിലും കുറിക്കാതെ എന്നോർമ്മയുടെ പിൻബലത്തെ വിശ്വസിച്ചതിന് ആരെന്ന് പോലും
അറിയാത്ത എൻ്റെ നീ ആകേണ്ടിയിരുന്നവളൊ അവനൊ
എന്നോട് ക്ഷമിക്കുക!

നഷ്ടപ്പെട്ടു, ആദ്യവരി അടക്കം ആശയങ്ങളിൽ ഒളിപ്പിച്ച മുഖം പോലും, കൈമോശം വന്നുപോയി.
ഇനിയിപ്പോൾ പറഞ്ഞിട്ടെന്തു കാര്യം!
‘ഓർമ്മ ചെയ്യ്ത വിശ്വാസ വഞ്ചന’ എന്നങ്ങനെ പഴി പറയുമ്പോഴും എൻ്റെ തന്നെ അലംഭാവം എന്നെ അസ്വസ്ഥമാക്കുന്നു!

എന്തുകൊണ്ട് എനിക്കതെഴുതി വെയ്ക്കാൻ തോന്നാതെ പോയെന്നോർത്തോർത്ത്
ഉള്ളിൽ വിങ്ങുന്ന വേവലാതി.

ആ ആദ്യവരി ഒന്നിനി വീണ്ടും വന്നിരുന്നെങ്കിൽ!
ഹാ, പോയത്‌ പോട്ടെന്ന് വെയ്ക്കാനാവത്തയത്ര വിലപ്പെട്ട
എന്തോ ആണത്!
‘എന്തോ’ – എന്താണെനിക്കതെന്നോ ആരാണെനിക്കതെന്നോ എന്തിനാണവയെനിക്കെന്നോ അറിയില്ല.

പക്ഷെ അസ്വസ്ഥത പിന്തുടർന്നെന്നെ ആവോളം തളർത്തുന്നുണ്ട്.

ഉച്ചനേരങ്ങളിലെ ആലസ്യം പണി പറ്റിച്ചതിത്രയും അലട്ടുന്ന ചിന്തകൾക്ക് വഴി തെളിക്കുമെന്നാര് കണ്ടു!
അറിഞ്ഞിരുന്നെങ്കിൽ അതാദ്യമെ കുറിച്ച് വെച്ചു കൊണ്ട് പ്രധാനപ്പെട്ടതെന്നൊരു അടയാളവും കൊടുത്ത് മുൻപന്തിയിൽ നിർത്തുമായിരുന്നല്ലൊ!

ഇനിയിപ്പോൾ എന്ത് പറഞ്ഞാലെന്താ, പറഞ്ഞില്ലെങ്കിലെന്താ, കൈയ്യകലത്തോ നാവിന്നറ്റത്തോ, ഉള്ളിലെ കട്ടിളപ്പടിയുടെ മൂലയിലോ കൂനിക്കൂടി ഇരുന്ന ആ വരി മണിക്കൂർ പോലും നീണ്ടു നിന്നതില്ലെന്ന് വ്യസനം മാത്രമല്ല, അപരാധം ചെയ്യ്തവളുടെ കുറ്റബോധം ആണ് എന്നിലുളവാക്കുന്നത്.

ഞാനതെഴുതണ്ടതായിരുന്നു.
എഴുതാതെ പോയി.
സഹിക്കാനെങ്ങനെയാകും?

ഞാനതെഴുതിയില്ല!
ഞാനതെന്തേ എഴുതാഞ്ഞത്!
ഞാനതെഴുതി വെയ്ക്കണമായിരുന്നു!
ഹ്മ്!!!

ഒരു വരി നഷ്ടപ്പെട്ട വേദനയും
ആ വരിയേ തേടി കണ്ടെത്താൻ ആവാത്ത നിരാശയും കാർന്നു തിന്ന കൈതലം,
ഈ കുറിപ്പെഴുതിയത് ഓർമ്മപ്പെടുത്തലിനാണ്.

ഒരു വാക്ക്, പിന്നൊരു വരിയോ
തട്ടി വിളിച്ചാൽ പിന്നെയാവാമെന്ന ആലസ്യത്തിൽ മടക്കി വിട്ടേക്കരുത്.
അവർ മടങ്ങി വന്നെന്ന് വരില്ല ശേഷം!

വയ്യയെനിക്കെൻ്റെ നിരാശയെ താങ്ങാൻ,
നിങ്ങൾക്കത് പറഞ്ഞാലൊട്ട് മനസ്സിലാവുമോ!

നഷ്ടപ്പെട്ട അവളൊ അവനൊ,
തിരിച്ചു വന്നൊന്ന് അടിമുടി
കടാക്ഷിച്ചീടണമെന്നപേക്ഷ!
©chanchal

അവർ കാട് കയ്യേറി!

രാത്രികളെ പതിവ് തെറ്റാതെ
കാത്തിരുന്ന ചിന്തകൾ
ഇന്ന് നേരത്തെ ഉറക്കം
പിടിച്ചെന്ന് തോന്നുന്നു!
‘മനസ്സ് ശാന്ത’മെന്ന അടവെടുത്ത്
ഞെട്ടിക്കുന്നു ഇപ്പോൾ!

ചില പതിവുകൾ തെറ്റുമ്പോൾ
അങ്കലാപ്പ് സ്വഭാവികമാണല്ലോ!

അങ്കലാപ്പോടെ ഓർക്കയാണ് ഞാൻ,
ഇനി ഈ ശാന്തഭാവമെന്തിനെയാണ് സൂചിപ്പിക്കുന്നത്?

മനസ്സിൻ്റെ അടവുനയം ഇന്നിങ്ങനെയും ഉണ്ടാകാൻ കാരണമായ സംഭവമെന്താകാം?

അതോ ചിന്തകൾ മയക്കം നടിച്ചിനി ഞാനൊന്ന് മയങ്ങാൻ നേരം ഉണരാനിരിക്കയാകുമോ?

അതുമല്ലെങ്കിൽ ചിന്തകൾ തിരികെ വരാതെ മരവിച്ച തലയോട് പോലൊന്നിനെ ചുമക്കേണ്ടതായി വരുമോ?

ഉള്ളിടങ്ങളിൽ തണുപ്പരിച്ചിറങ്ങിയ നിഗൂഢതയുടെ ശാന്തത എന്തിനാകും എന്നെ അങ്കലാപ്പിൽ ആഴ്ത്തുന്നത്!!!!

“കാട്-കയറിയ ചിന്തകളുടെ ആഴത്തിൽ പടർന്ന വേരുകൾ, ചില്ലകൾ, രാത്രിമയക്കങ്ങളിൽ പോലും പടർന്നു പന്തലിക്കുന്നു..!”

പതിവ് തെറ്റിയെന്ന തെറ്റിധാരണയിലെ ചില കാര്യങ്ങൾ!!!

©chanchal

#ഇനി!?

_____________
ഇനിയുമിങ്ങനെ?!
———-
നെട്ടനെയുള്ള രണ്ട് വരകൾക്ക്
കുറുകെ രണ്ട് വര ചേർത്ത് വെച്ച്
നിന്നെ ഞാൻ എങ്ങനെ ഒതുക്കും?
കുഞ്ഞേ മാപ്പെന്ന് തുപ്പൽ വിഴുങ്ങി
കണ്ണുകൾ അടച്ച് എങ്ങനെ പറയും?

നീ ചെയ്യ്ത തെറ്റെന്തെന്ന് അറിയാതെ നീതിയെ പറ്റി എങ്ങനെ വാദിക്കും?
നിനക്ക് നിഷേധിച്ച ബാല്യത്തിൻ്റെ വർണ്ണങ്ങളെ പറ്റി എങ്ങനെ വാചാലയാകും?

അക്ഷരങ്ങൾ കൂട്ടിച്ചേർത്തു വെച്ചാലും അതിലെങ്ങനെ നിന്നെ ഉൾക്കൊള്ളിക്കാനാകും?
ഞാനൊഴുക്കുന്ന കണ്ണുനീരിൽ
നീ തിന്ന വേദനയെ ചേർത്ത്
കെട്ടി വെയ്ക്കുന്നതെങ്ങനെ?

നിസ്സംഗതയോടെ അതുമല്ലെങ്കിൽ
മറ്റൊരു നടുക്കത്തോടെ നോക്കി നിൽക്കാം എന്നല്ലാതെ ഒരിറ്റ് കണ്ണുനീര് ഉതിർന്ന്
നിൻ്റെ മേൽ വീണാൽ
നിനക്ക് പൊള്ളിയേക്കാം!
ഇനിയും വേദന നീ സഹിച്ചില്ലെന്ന് വരും.
നാളെ മറവിയിലേക്ക് നീക്കി
പൂട്ടി വെയ്ക്കാൻ ഉള്ളവളല്ലെ നീയും
എന്ന് തിരികെ ചോദിച്ചാൽ
ഞാൻ, ഞാൻ വിളറി നിൽക്കും!

ഇനിയും ഇവിടെ പിറവി എടുക്കാതിരിക്കട്ടെ എന്ന പ്രാർത്ഥന അർപ്പിക്കാൻ നീയവിടെ ദൈവരൂപങ്ങളെ തേടുന്നുണ്ടാകും.
അവരെ കണ്ടാൽ പറയണം,
ഇവിടെ മതവും മതേതരവും മതാതീതവും മതവാദങ്ങളും മതതീവ്രവാദവും മതാരാധനയും മതകോലാഹലങ്ങളും കാമവെറികളും മുറപോലെ കൊണ്ടാടുന്നുണ്ട്,
പക്ഷെ പേരിന് തൊട്ടുക്കൂട്ടാൻ മനുഷ്യത്വവും
അതു വിളമ്പാനൊരു മനുഷ്യനും ഇല്ലെന്ന്!

ഹാഷ്ടാഗിൽ കെട്ടിയൊരുക്കി അലമാരപ്പെട്ടിയിലേക്ക് തള്ളി,
ഇടയ്ക്ക് എടുത്ത് മറിച്ചു നോക്കാൻ പോലും
ആരുമില്ലാതെ എത്രയോ പേർ
ഇവിടെ ശ്വാസം കിട്ടാതെ പിടഞ്ഞും മരിച്ചു.

ഇനി വേണ്ടത് വരയും കുത്തുമല്ലെന്ന്
ആരോടാണ് പറയേണ്ടത്?
നിയമദേവത കൺമൂടികൾ മാറ്റി നിരത്തിൽ ഇറങ്ങണമെന്നൊരപേക്ഷ!

നാളെ, നാളെ, ഞാനായിരിക്കാം ആ ഒരാളെന്ന ഭയം കാലുകൾക്ക് ചെങ്ങലയാകുന്നു!
വയ്യ, പിച്ചിച്ചീന്തി പിന്നെ ഹാഷ്ടാഗിൽ ശ്വാസംമുട്ടി, ജീവൻ്റെ വിലയെന്തെന്ന് പറഞ്ഞു തരിക, പഴുപ്പും വൃണങ്ങളും തിളച്ചവെള്ളത്തിൽ മുക്കി കഴുകി
മനുഷ്യൻ ആവാൻ എത്രയാണ് ചിലവെന്ന് നിജപ്പെടുത്തി തരിക!
വയ്യ, വയ്യ, ഇനിയുമിങ്ങനെ!
©chanchal Chanchal K Babu
.
.
#justicefor????
ഇതെല്ലാം പറഞ്ഞു കാണാപാഠമായ വരികൾ വാക്കുകൾ മറ്റൊരു പ്രഹസനം എന്ന് ചൊല്ലി പിരിഞ്ഞു പോകാനാകും. പക്ഷെ, ഇതിനെവിടെയാണ് അവസാനം എന്നറിഞ്ഞേ തീരൂ. മനുഷ്യജീവൻ്റെ വില എന്താണ്?